ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
അടൂര്‍, അടവുകളുടെ ഊര് എന്നര്‍ത്ഥത്തില്‍ അടവൂര്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നതെന്നും, പണ്ടുകാലത്ത് കളരിമുറകളും, മാന്ത്രികവിദ്യകളും ഇവിടെ പരിശീലിപ്പിച്ചിരുന്നുവെന്നും ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം കളരികള്‍ ഈ പ്രദേശത്ത് ധാരാളമായുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. മാന്ത്രികവിദ്യ ശീലിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്തിരുന്ന പ്രശസ്തമായ ഒരു മഠത്തിന്റെ പിന്‍തലമുറക്കാര്‍ ഇപ്പോഴും ഇവിടെ താമസിക്കുന്നുണ്ട്. മന്ത്രവിദ്യയുടെ ആചാര്യന്‍മാരുടേതെന്ന് കരുതുന്ന മന്ത്രവാദിമഠവും ഈ ഗ്രാമത്തിലുണ്ട്. അതിപ്രാചീനമായ പതിനഞ്ചിലധികം ക്ഷേത്രങ്ങള്‍ ഈ പഞ്ചായത്തിന്റെ പത്തു വാര്‍ഡുകളിലായി വ്യാപിച്ചുകിടക്കുന്നു. കൂത്താരൊടി ക്ഷേത്രം (കൂത്താര്‍+ഒടി) ഒരു വലിയ സാംസ്കാരിക കേന്ദ്രമായിരുന്നു. ഏതാണ്ട് മുന്നൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ പ്രദേശത്ത് ചിട്ടയായി നാടകം (കൂത്താര്) പരിശീലിപ്പിച്ചിരുന്നുവെന്നും പരിശീലനം സിദ്ധിച്ചവര്‍ കേരളമൊട്ടാകെ (തിരുവിതാംകൂര്‍+മലബാര്‍) തമിഴു നാടകങ്ങള്‍ അവതരിപ്പിച്ചിരുന്നുവെന്നുമാണ് ചരിത്രം. വെള്ളാരംകുന്നില്‍ ഇപ്പോള്‍ ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്ത് പണ്ടു വളരെ വലിയ ക്ഷേത്രമുണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ഈ സ്ഥലത്ത് 5 അടിയോളം കുഴിച്ചാല്‍ പഴയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനാവും. വെള്ളാരംകുന്ന് ക്ഷേത്രത്തില്‍ വളരെ വലിയ കുതിരകള്‍ കെട്ടിയെഴുന്നള്ളിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ നിയന്ത്രണംവിട്ടു നിരങ്ങിയിറങ്ങിയ കുതിര അതിലേറിയിരുന്ന ആളുകളോടൊപ്പം താഴെയുള്ള ചതുപ്പുനിലത്തില്‍ താണുപോയി എന്നും പിന്നീട് ക്ഷേത്രം ക്ഷയോന്മുഖമായിയെന്നുമാണ് ഐതിഹ്യം. ഹൈന്ദവക്ഷേത്രങ്ങള്‍ മാത്രമല്ല നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രൈസ്തവദേവാലയങ്ങളും ഈ പ്രദേശത്തുണ്ട്. വെള്ളക്കുളങ്ങരയുള്ള മാര്‍ത്തോമ്മാപള്ളി ശതവാര്‍ഷികം ആഘോഷിച്ചുകഴിഞ്ഞു. വയലാ രക്ഷാസൈന്യപള്ളിയും അതിപുരാതനമാണ്. ക്ഷേത്രങ്ങളും ക്രൈസ്തവ ദേവാലയങ്ങളും തമ്മില്‍ നല്ല ബന്ധം പുലര്‍ത്തിയിരുന്നു. വടക്കടത്തുകാവ് ക്ഷേത്രത്തില്‍ നിന്നും അടൂര്‍ കണ്ണംകോട് പള്ളിയില്‍ ദീപം തെളിയിക്കാന്‍ വെളിച്ചെണ്ണ പതിവായി കൊടുത്തയക്കാറുണ്ടായിരുന്നത്രെ. മുത്തശ്ശിക്കഥയുടെ ഭാഗമാണ് എണയ്ക്കാട്ട് ഏല. നോക്കെത്താദൂരത്തോളം ഒരു പുഴപോലെ വളഞ്ഞുപുളഞ്ഞ് കിടക്കുന്ന വയലുകള്‍, അതിന്റെ നടുവില്‍ സമചതുരത്തിലുള്ള വിശാലമായ ഒരു തറ, തറയുടെ നടുവില്‍ നൂറ്റാണ്ടുകള്‍ പിന്നിട്ട ഞാറ, ഇതാണ് അമ്മൂമ്മതറ. വിശ്വാസങ്ങളുടെ പിന്‍തുടര്‍ച്ചയായി കൊയ്ത്തിനുമുമ്പ് നേര്‍ച്ചയായി കള്ളും, വെറ്റിലയും നേദിക്കുന്നു. ശുദ്ധമല്ലാത്ത ദിനങ്ങളില്‍ സ്ത്രീകള്‍ കൊയ്ത്തിനിറങ്ങില്ലായിരുന്നു. ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള വടക്കടത്തുകാവ് സര്‍ക്കാര്‍സ്കൂള്‍ ഈ താലൂക്കിലെ ആദ്യസ്കൂളുകളിലൊന്നാണ്. ഹാസ്യസാഹിത്യകാരനായ ഇ.വി.കൃഷ്ണപിള്ള വടക്കടത്തുകാവില്‍ താമസിച്ച് ഈ സ്കൂളിലാണ് പഠിച്ചത്. മുന്‍ഷി പരമുപിള്ളക്കും, ആര്‍.ശങ്കറിനും ഒക്കെ അക്ഷരലോകത്തിന്റെ വാതായനങ്ങള്‍ തുറന്നുകൊടുത്തതും ഇതേ സ്കൂള്‍ തന്നെയാണ്. കൊട്ടാരത്തിലെ ആസ്ഥാന കലാകാരനായിരുന്ന ഇറവങ്കര നീലകണ്ഠനുണ്ണിത്താന്റെ നേതൃത്വത്തില്‍ മൌട്ടത്ത് വെച്ച് ദീര്‍ഘകാലം കഥകളി പരിശീലിപ്പിക്കുകയും മേജര്‍സെറ്റ് കഥകളിസംഘം രൂപീകരിക്കുകയും ചെയ്തു. മൌട്ടത്ത് ഗോപാലനുണ്ണിത്താന്റെ കഥകളിസ്നേഹത്തിന്റെ ഗുണഭോക്താവാണ് താനെന്ന് പ്രശസ്തചലച്ചിത്രസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സ്വയം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്‍.പി.ഫിലിപ്പോസ് മുതലാളി (നെല്ലിമൂട്ടില്‍) 1948 മുതല്‍ 1953-വരെ തിരു-കൊച്ചി നിയമസഭയിലെ എം.എല്‍.സി ആയിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ സജീവപങ്കാളിത്തം വഹിച്ച കഴിഞ്ഞ തലമുറയിലെ ധീരസേനാനിയും ഐ.എന്‍.എ ഭടനുമായിരുന്ന കുഴിക്കല്‍ വാസുദേവനുണ്ണിത്താന്‍ 1972 ആഗസ്റ്റ് 15-ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയില്‍ നിന്നും സ്വാതന്ത്ര്യ-സമരസേനാനികള്‍ക്കുള്ള താമ്രപത്രം ഏറ്റുവാങ്ങുകയുണ്ടായി. വിശ്വവിഖ്യാതനായ ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ജനിച്ചത് ഈ ഗ്രാമത്തിലാണ്. ഏറത്ത് പഞ്ചായത്ത് 1962 വരെ അടൂര്‍ പഞ്ചായത്തിന്റെ ഭാഗമായിരുന്നു. തുടര്‍ന്ന് രൂപം കൊണ്ട ഏറത്ത് പഞ്ചായത്ത് പ്രവര്‍ത്തനമാരംഭിച്ചത് ഒരു വാടകക്കെട്ടിടത്തിലായിരുന്നു. അഞ്ചു രൂപയായിരുന്നു വാടക. മൌട്ടത്ത് കെ.ഗോപാലനുണ്ണിത്താനായിരുന്നു ആദ്യപ്രസിഡന്റ്. ആദ്യ ഭരണസമിതി 1963 ഡിസംബര്‍ മാസം 23-ന് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു. 1973-ല്‍ പഞ്ചായത്തിന് സ്വന്തമായി കെട്ടിടം ഉണ്ടായി. ഇപ്പോള്‍ ഏറത്ത് പഞ്ചായത്തിന്റെ ആസ്ഥാനമായ വടക്കടത്തുകാവ് ആയിരുന്നു പഴയകാലത്ത് അടൂര്‍ പ്രദേശത്തിന്റെ സാംസ്കാരികതലസ്ഥാനം. സമീപപ്രദേശങ്ങള്‍ ഇരുളടഞ്ഞ മേഖലയായി നിലനിന്നിരുന്ന കാലത്തുപോലും ഈ പഞ്ചായത്തില്‍ ഉള്‍പ്പെട്ട പ്രദേശങ്ങള്‍ അറിവിന്റെ വെളിച്ചവും സാംസ്കാരികമുന്നേറ്റവും കൊണ്ട് വേറിട്ടുനിന്നു.